Showing posts with label അനുഭവം.. Show all posts
Showing posts with label അനുഭവം.. Show all posts

Saturday, August 20, 2011

"-ന്നാലും -ന്‍റെ രഞ്ജിനി..OR ഒരു ചെറിയ ജഗതി വധം


ഇന്നലെ നോമ്പ് തുറ കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടി (സീനത്തിന്റെ ഫ്ലാറ്റില്‍) ബെഡ് റൂമില്‍ കൂടിയിരിക്കുമ്പോള്‍...കോഴിക്കോട്ടുള്ള  ഫാത്തിമയാണ് "ആ ചോദ്യം "കാരക്ക കുരുവിനോടൊപ്പം പുറത്തേക്കു വിട്ടത്.

പോസ്റ്റ്‌ -:(ഹാസ്യം )അത് എന്‍റെ പേനക്കും പ്രകൃതത്തിനും ഒട്ടും ചേരില്ലാന്നു എന്‍റെ കൂട്ടുകാരികള്‍ സാക്ഷ്യം പറയുമ്പോഴും.... )


(സൌഹൃദങ്ങള്‍ പ്രവാസലോകത്ത്‌ രണ്ടു തരം ഉണ്ട്...സ്ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ചും...."ആഷ്പുഷ്   സൌഹൃദവും ആത്മാര്‍ത്ഥ സൌഹൃദവും."ആദ്യത്തേത് ഹാ,,,യ് ..ഹ...ലോ...ഹൌ ടു യു ടു. പിന്നെ ഒരു ഷേക്ക്‌ ഹാന്‍ഡ്‌....ചിലപ്പോള്‍ ഒരു ഷോല്ദര്‍ ടച്ച്‌ ...പിന്നെ കുറെ ഔപചാരികത നിറഞ്ഞ വാക്കുകള്‍ ആയ കൃത്രിമ സ്നേഹാന്വേഷണങ്ങള്‍ (ഒന്ന് മെലിഞ്ഞാല്‍  "ഓ...വാട്ട്‌ ഹാപ്പെന്റ്റ്‌  ... ആര്‍ യു ഡയറ്റിംഗ്??? എന്നും...കുറച്ചു തടിച്ചാല്‍ വാട്ട്‌ ഈസ്‌ ദിസ്‌...യു പുട്ട് ഓണ്‍ ടൂ  മച്  എന്നിങ്ങനെ പതിവ് ക്ലീഷേയും ആയി ആഷ് പുഷ് സൌഹൃദം.
എന്നാല്‍ ഇതൊന്നും അല്ലാതെ,കാണുന്ന വഴി കെട്ടിപിടിച്ച് ,അടുക്കളയിലേക്കു കൊണ്ടുപോയി അപ്പോള്‍ ഉണ്ടാക്കിയ വിഭവം അടുപ്പത്ത് നിന്ന് എടുത്ത്... ഒന്ന് ഊതി ചൂടോടെ ഉള്ളം കയ്യില്‍ തന്ന്..."എന്തൂട്ടാ കുറവുന്ന് ഒന്ന് നോക്കടാ"-ന്നു പറയണചിലസൌഹൃദങ്ങള്‍ഉണ്ട്... പണ്ടപരപ്പും...പരാതിയും...പരദൂഷണവും...അറബ് വംശചര്‍ ആയ അടുത്ത ഫ്ലാറ്റിലെ രണ്ടു ഭാര്യമാരുടെ ഇടയിലെ ഏക ഭര്‍ത്താവിന്‍റെ ശീതസമരം സി .ഐ.ഡി യെപ്പോലെ മണത്തറിഞ്ഞ കഥകള്‍, ജനാലക്കുള്ളിലൂടെ എത്തിനോക്കി പാകിസ്ഥാനികള്‍ വളര്‍ത്തുന്ന പ്രാവിന്‍റെ മുട്ട ,മുകളിലൂടെ കയര്‍ മാര്‍ഗം വന്നു സൗദി കുട്ടികള്‍ മോഷ്ട്ടികുന്നത് കണ്ട കാഴ്ച ,നാട്ടില്‍ നിന്നുകൊണ്ട് വന്ന ചക്ക മൂക്കാത്തത്തിന്റെ പരിഭവവും,ഫ്ലാറ്റിന്‍റെ പിന്‍ ജനാലയില്‍ വെച്ച പൂച്ചെടി പൂച്ച വന്നു തിന്ന സങ്കടം....കൂറകള്‍കെതിരെ (പാറ്റകളെ അവര്‍ പറയുക കൂറ എന്നാണ്) ഇനി എന്ത് പ്രയോഗിക്കണം എന്ന ഗവേഷണതിനോരുങ്ങാന്‍ പുറപ്പെട്ട് ചൂലുമായി നിന്ന് വിറയ്ക്കുന്ന ....കുറച്ചു സാദാ വീട്ടമ്മമാരായി....കുട്ടികളുടെയും..ഭര്‍ത്താവിന്റെയും മാത്രം ലോകത്ത് ജീവിക്കുന്ന കുടുമ്പിനികള്‍.മൂന്ന് നാല് കൂട്ടുകാരികള്‍.അവരുടെ ലോകത്തേക്ക് ചെല്ലുമ്പോള്‍ കിട്ടുന്ന ആനന്ദം...അത് വാക്കുകള്‍ക്‌ അതീതം.)


ങാ..ഫാത്തിമ എന്നാ "പാത്തൂട്ടിയുടെ" ചോദ്യം  എന്താന്നു പറഞ്ഞില്ലാ ആല്ലേ....?
ഇന്നലെ മലപ്പുറം സ്വദേശിനിയായ  സീനത്തിന്റെ ഫ്ലാറ്റില്‍ ആയിരുന്നു റമദാനിലെ നോമ്പ് തുറ. പ്രവാസജീവിതത്തില്‍ ഒരിക്കലും  മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ ആണ് റമദാന്‍ മാസം പ്രദാനം ചെയ്യുക.അതില്‍ ഏറ്റവും പ്രധാനം ഒരുമിച്ചുള്ള നോമ്പ് തുറയാണ്.വിവിധ മത വിഭാഗത്തില്‍ പെട്ട എല്ലാവരും ഒരുമിച്ചു കൂടി കുറെ നേരം സൊറ പറയാന്‍ കിട്ടുന്ന അപൂര്‍വ നിമിഷങ്ങള്‍ ആണ് അത്.



ങാ വിഷയത്തിലേക്ക് കടന്നില്ല..ഫാത്തിമ  ചോദിച്ച ചോദ്യം "ടീച്ചെരുട്ടി..(നായര് കുട്ടി ലോബിച്ചാണ്ട്ട്ടോ  നോം ടീച്ചര് കുട്ടി ആയത്)..ടീച്ചെരുട്ടി..
നിങ്ങ  അറിഞ്ഞില്ലേ...""ഏഷ്യാനെറ്റിലെ നമ്മടെ ആ ഇന്ഗേലീഷില്‍ തൊള്ളയിട്ന പെണ്ണില്ലേ..രഞ്ജിനി ഓള്‍ക്ക് കണക്കിന്"പണി കിട്ടീത്രെ" ..നമ്മടെ ജഗതി ശ്രീകുമാര് നല്ല  പണി കൊടുത്തൂന്നാ  കേട്ടത്"".നോബാര്‍ന്ന കാരണം ഇബടെ  ടി.വി .വെച്ചില്ലാര്‍ന്നു.നമ്മുടെ റീത്ത സിസ്ടെരും, തോമസ്‌അച്ചായനും വന്നിരുന്നു(അവരുടെ വിശേഷങ്ങള്‍ പിന്നാലെ എഴുതാം...ഒത്തിരി ഉണ്ട് ) അവര് പറഞ്ഞാ ഞാന്‍ അറിഞ്ഞത്.അച്ചായന്‍ അത് മൊത്തം രെകോര്‍ഡും ചെയ്തിട്ടുണ്ട്ത്രെ.
അത് ടി.വി യില്‍ കണ്ടത് കൊണ്ട് പെട്ടന്ന് തന്നെ എനിക്കു കാര്യം പിടി കിട്ടി...ആ പരിപാടി കണ്ട  റസിയയും...മീരയും..സീനത്തും...ജിന്‍സിയും അതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ ആയി."അത് നന്നായി "എന്ന്ചര്‍ച്ച  കേട്ട് വന്ന ഭര്‍ത്താക്കന്മാരും കൂടി ചേര്‍ന്ന് വാദിച്ചപ്പോള്‍..അത് ശരിയായില്ല എന്ന് പറഞ്ഞ രഞ്ജിനിയുടെ നാട്ടുകാരിയും,രഞ്ജിനിയുടെ സഹോദരന്‍ പഠിച്ച കോളേജില്‍ സീനിയര്‍ ഉം ആയിരുന്ന മീരാ രാജേഷ്‌ മാത്രം ഒറ്റപെട്ടു.(ഭക്ത മീര തന്നെ-അവള്‍ അമൃതാനന്ദമയി ഭക്തയാണ്...(ആ ഒരു കാര്യത്തില്‍ മാത്രമാണ്  ഞാനും അവളും തന്നില്‍ ചേരാത്തത്)കൂട്ടത്തില്‍ മിണ്ടാപൂച്ചയായ മീര  ആ വിഷയത്തില്‍  എല്ലാവരെയും  അത്ഭുടപെടുത്തി  കൊണ്ട് ഒരു പ്രഭാഷണം തന്നെ നടത്തി...രഞ്ജിനി വധത്തില്‍  അവള്‍ക്കുള്ള എല്ല പ്രതിഷേധവും പതഞ്ഞു പൊങ്ങി...



മലയാള ഭാഷയെ അമ്മയായി കണ്ടു ആദരിക്കുന്ന വ്യക്തിയാണ് ഞാനും.(പഠിച്ചത് മലയാളം ആയിരുന്നില്ല സംസ്കൃതം ആയിരുന്നു..എങ്കിലും )എനിക്ക് രഞ്ജിനി യോട്  പറയത്തക്ക "പ്രീണന നയം " ഒന്നും ഇല്ലെങ്കിലും .... കൊള്ളാം കാലത്തിനനുസരിച്ച് കോലം കെട്ടി ആ കൊച്ചു ജീവിക്കാന്‍ പഠിച്ചവളാണ്...(നാല് കാശ് ഉണ്ടാക്കാന്‍  നമ്മളിവിടെ പിള്ളേരുടെ  അടുത്ത് സ്കൂള്‍ലും ടുഷനും ആയി തൊണ്ട പൊട്ടിക്കുന്നത് നമുക്കല്ലേ അറിയൂ...)ഇതൊന്നും ഇല്ലാതെ..നാലക്ഷരം ഇംഗ്ലീഷും മലയാളവും കൂട്ടി മംഗ്ലീഷ് പരുവത്തില്‍ മൊഴിഞ്ഞു ആ പെണ്‍കുട്ടി ലക്ഷങ്ങള്‍ ആണ് സമ്പാദിക്കുന്നത് എന്നോര്‍ക്കുമ്പോള്‍....ഈ മണലാരണ്യത്തില്‍ വന്നു കിടന്നു സ്കൂള്‍ വര്‍ക്കും ഹോം വര്‍ക്കും ആയി  ജീവന്‍ ഹോമിക്കുന്ന ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ അസൂയ തോന്നാതെ പിന്നെ...(ഒന്നൂല്ലേലും   ഞങ്ങളും പെണ്ണല്ലേ...കുശുമ്പില്ലാതെ വര്വോ..ജാത്യാല്‍ ഉള്ളത് തൂത്താ പോക്വോ???)

അപ്പോഴാണ്‌ ദേ കിടക്കണ് മീരയുടെ ദുഃഖം...പറഞ്ഞു പറഞ്ഞു മീര അതൊരു വിലാപകാവ്യം ആക്കിയത് വളരെ പെട്ടന്ന്...."ആ വിലാപ കാവ്യം കോമ്പോസിഷന്‍" അതേതാണ്ട് വിട്ടു പോകാതെ  പകര്‍ത്തി എഴുതിയാല്‍ ഇങ്ങനെ ഒക്കെ ആയിരുന്നു എന്നാണ് ഓര്‍മ..."ചെറിയ ഒരു ജഗതി വധം" എന്ന് വേണെങ്കില്‍ പറയാം.
മീരയുടെ മൊഴി മുത്തുകള്‍ ഇങ്ങനെ...
"വളരെ കരുതല്‍ വേണ്ട ഈ രംഗത്ത് അവതാരികമാര്‍ക്ക് സ്വന്തമായി ഒരു അസ്തിത്വം ഉണ്ടാക്കി കൊടുത്ത വ്യക്തിയാണ് രഞ്ജിനി ഹരിദാസ്‌.അവതരണ കലക്ക് തനതായ ശൈലി കൊണ്ട് വന്ന ധീരയായ പെണ്‍കുട്ടി.മഞ്ച് സ്റ്റാര്‍ singer Grand Finale- ല്‍ ജഗതി ശ്രീകുമാര്‍ വേദിയിലേക്ക് വരുന്നത് തന്നെ Ranjini yude announcement "അഭിനയ കലയുടെ കുലപതി....ഹാസ്യ കലയുടെ സാമ്രാട്ട്...(ആ ദേഹത്തിന്‍റെ മറ്റു കലകളെ കുറിച്ച് ഒന്നും രഞ്ജനി പറഞ്ഞ് കേട്ടില്ല....)എന്നൊക്കെ ഉള്ള കിടു കിടിലന്‍ മുഖവുരയോടെ ആണ്...രഞ്ജിനിയുടെ ഓരോ വാചകതിനുമൊപ്പം  മലയാളി  കയ്യടിച്ചു ...


( അവള്‍ക്കും വേണമെങ്കില്‍ പറയാമായിരുന്നു..അടുത്തത് സിനിമാ നടന്‍ ജഗതി ശ്രീകുമാര്‍ എന്ന ഒരൊറ്റ പദം..പക്ഷെ പെങ്കൊച്ച് അങ്ങ് ഏറി പറഞ്ഞ് കളഞ്ഞു...കേട്ട ദേഹം വല്ലാതെ അങ്ങ് പൊങ്ങുകയും ചെയ്തു...ഞാന്‍  തന്നെ താരം....മാനത്തെ അമ്പിളി പോലും ചിരിക്കും  ഞാന്‍ ഒന്ന് വാ തുറന്നാല്‍ എന്ന ഗമ...അമ്പിളി ചേട്ടന്‍റെ വരവ്.അവിടെ സമ്മാനം കിട്ടിയ... പാടിയ കുട്ടികള്‍ എല്ലാവരും വിഡ്ഢികള്‍ എന്ന മട്ടില്‍ ഒരു തട്ട്...ഇതാണോ പാട്ട്...ഇതാണോ മത്സരം...? ഇങ്ങനെ ആണോ അവതരണം.. സമ്മതിച്ചു..അങ്ങനെ അല്ല.....പിന്നെ എങ്ങനെ?കേവലം  മൈക്ക് കയ്യില്‍ പിടിച്ചു വിറ മാറാത്ത കുട്ടികളെ ചേര്‍ത്ത് പിടിച്ച് മോറല്‍ സപ്പോര്‍ട്ട് നല്‍കി ആ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണോ ആ അവതാരിക ചെയ്ത കുറ്റം? " തെറ്റും..കുറ്റങ്ങളും ഉണ്ടായിട്ടും ..ആ വിറയ്ക്കുന്ന മത്സരാര്‍ഥിയെ...ഡിപ്രേഷന്‍  ആക്കാതെ "നന്നായിരിക്കുന്നു....ഫാന്ടസ്ടിക്...യെനിക്കിഷ്ട്ടപെട്ടു ....ബട്ട്‌ ..ജഡ്ജെസ് എന്താ പറയുകാന്നു നമുക്ക് നോക്കാം.... ശ്രീയേട്ടാ...പറയു..."എന്ന് പറയുന്നതില്‍ എന്ത് തെറ്റ്? നവ സര്‍ഗകുസുമങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്‍കി ആ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണോ ആ അവതാരിക ചെയ്ത കുറ്റം?എല്ലാ കുട്ടികളെയും ഒരേ പോലെ പരിഗണിക്കുന്ന...എല്ലാവരോടും സമദൂര സിദ്ധാന്തം വെച്ച് പുലര്‍ത്തുന്ന ആ പെണ്‍കുട്ടിയെ...മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ...(സ്വന്തം മോളും ഈ കലയില്‍ ഒട്ടും പിന്നോട്ടല്ല)അടുത്ത് വിളിച്ചു പറയാമായിരുന്നല്ലോ അംബിളിചെട്ടാ ആ പറഞ്ഞ ഗുണദോഷങ്ങള്‍ എല്ലാം.ഒരു സമൂഹത്തിനു മുന്നില്‍ ആ പെണ്‍കുട്ടിയെ ചവിട്ടി താഴ്ത്തിയപ്പോള്‍..കൌരവ സദസിലെ കൃഷ്ണയെപോലെ അവളെ ഒരു വേദിയില്‍ വാക്കുകളാല്‍ നഗ്നയാക്കിയപ്പോഴും  ..ഞാന്‍ ഉള്‍പെടുന്ന ഒത്തിരി പേര്‍ ആകാശത്തെ അമ്പിളി യെപ്പോലെ (പല "കളങ്കം "ഉണ്ടെങ്കിലും ആകാശത്തെ അമ്പിളി യെല്ലവര്‍കും പ്രിയപെട്ടതാണ്) കൊണ്ട് നടന്ന അങ്ങയുടെ വിഗ്രഹം തകര്‍ന്നു തരിപ്പിണമായി. ഇതാണോ ഞാന്‍ ആരാധിച്ച ആ മഹാനുഭാവന്‍.???ഇത്ര അസഹിഷ്ണുതയോടെ അങ്ങയെ കണ്ടിട്ടേ ഇല്ലല്ലോ...ഇത്രമാത്രം പ്രകോപിപ്പിക്കാന്‍ അങ്ങയോടു ആ രഞ്ജിനി എന്ത് തെറ്റാണ് ചെയ്തത്? 

ഒരു വേള ജീവിതത്തിനു മുന്നില്‍ പകച്ചു നിന്നപ്പോഴും...
സാമ്പത്തിക ഭദ്രത ചോദ്യ ചിഹ്നമായി അവശേഷിച്ചപ്പോഴും...
അവള്‍ പതറിയില്ല...നിശ്ചയ ധാര്‍ഷ്ട്യത്തോടെ മുന്നോട്ട്...
ആരോടും ചിരിച്ചു സംസാരിക്കുന്ന...
തുറന്ന സൌഹൃദങ്ങള്‍എന്നും മുഖ വിലയ്ക്ക് എടുക്കുന്ന
 ആ പെണ്‍കുട്ടി തിരഞ്ഞെടുത്ത വീഥി തികച്ചും വ്യത്യസ്തം.

മിണ്ടാ പൂച്ചയായ മീര ഇത്രയും പറഞ്ഞതിന്റെ  ബഹുമാനത്തോടെ അന്നാ ഹസാരയെ നാരങ്ങ വെള്ളം കുടിപ്പിക്കുന്ന ആഗ്രഹത്തോടെ ഞാന്‍ എനിക്ക് കുടിക്കാന്‍ കിട്ടിയ നാരങ്ങ വെള്ളം അവളെ  കുടിപ്പിച്ചു...പാതി കുടിച്ച നാരങ്ങ വെള്ളം തിരികെ തന്നു അവള്‍ വീണ്ടും തകര്‍ത്തു...


മലയാള ദൃശ്യ മാധ്യമ രംഗത്ത് അവതാരികമാര്‍ ഹലോ ഗുഡ് ഈവെനിംഗ് പറഞ്ഞ്..ആ അവതാരികമാരുടെ ചില ചോദ്യങ്ങളും...അവയ്ക്ക് പൊതുസമൂഹം പ്രത്യേകിച്ചും പ്രവാസി സമൂഹം കൊടുത്ത മറുപടികളും..."നമ്മള്‍ കേട്ടും കണ്ടും..അനുഭവിച്ചവരാണ്".
ചേട്ടാ..ചേട്ടാ..ഗള്‍ഫില് ചേട്ടനിപ്പോ യെന്തെടുക്ക്വ...എന്ന ചോദ്യത്തിന്. ( ചേട്ടന്‍റെ മറുപടി...ഞാനിപ്പോ എടുത്തു ഇരിക്കനത് ...)
(ശോ ഇത്രയും വേണോ മീര..? ഞാന്‍ കണ്ണുരുട്ടി...!!!)"ഹേ..അവള്‍ അത് "മൈണ്ട് "പോലും ചെയ്തില്ല...ചുരിദാരിന്റെ ഷോള്‍ കടിച്ചു പിടിച്ചു ഭാവാഭിനയത്തോടെ വീണ്ടും.."ചേട്ടന്‍ ദുബായിലാ...?(ചേട്ടന്‍-അതെ..)ദുബായിലെന്താ പണി?( പണിയൊന്നും ഇല്ലല്ലോ   മോളെ ,നീ എനിക്കൊരു പണി തര്വോ ...)എന്ന് ചോദിച്ചിരുന്ന ഒരു സമൂഹത്തിനോട് സ്വന്തം കാലില്‍ നിവര്‍ന്നു നിന്ന് ഇത് വെറും ഒരു പണിയല്ല..."ഇതും ഒരു തൊഴിലാണെന്ന്" ശബ്ദമില്ലാതെ ഗര്‍ജ്ജിച്ച ആ പെണ്‍ പുലിക്കുട്ടി എന്‍റെ കണ്ണില്‍ എന്നും അഭിനന്ദനം അര്‍ഹിക്കുന്നു.അത്രയേറെ കളിയാക്കിയിട്ടും..ചിരിയോടെ കേട്ട് നില്ക്കാന്‍ ഒരു രണ്ജിനിക്കല്ലാതെ ആര്‍ക്കു കഴിയും?തിരിച്ചു മൈക്ക് കയ്യില്‍ കിട്ടിയപ്പോലും...അത് ലാഘവത്തോടെ  Today Ranjini's red day aayi ...പ്രഖ്യാപിച്ചിരിക്കുന്നു എന്ന് പറയുമ്പോഴും, Its a part of d game  എന്ന് പറയുമ്പോഴും...പുറമേ ചിരിച്ച  ആ പാവംപെണ്‍ മനസ് ഉള്ളില്‍ ഉറക്കെ കരഞ്ഞിരിക്കണം.....തീര്‍ച്ച...മീരയുടെ ദുഃഖം കണീരായി ഒഴുകുന്നു...ആ 


രഞ്ജിനി കൊച്ചു ഇത് വല്ലതും അറിയുന്നുണ്ടോ അവള്‍ക്കായി ഈ മണല്‍ 


നഗരത്തില്‍ ഒരു പാവം ഭക്ത മീര കരഞ്ഞത്?



ക്ലൈമാക്സ്സു-:അവസാനം ഒരു കയ്യില്‍ ഉഴുന്ന് വടയും..മറുകയ്യില്‍ പഴം പൊരിയും പിടിച്ചു രണ്ടിലും മാറി മാറി നോക്കി...അര്‍ദ്ധ ഗര്‍ഭമായി ചിരിച്ച് ..കൂട്ടത്തില്‍ കുറച്ചു "ദ്വയാര്‍ത്ഥ പ്രയോഗം പറയുന്നമിനിസ്ട്രി ഓഫ് ഹെല്‍ത്ത്‌ -ലെ സ്റ്റാഫ്‌  കാ‍ന്താരി ജിന്‍സി യുടെ വക ഒരു ക്ലൈമാക്സ്സു  കമന്റ്‌ ....(അതവള്‍ക്ക്‌ പഠിക്കുന്ന കാലത്തെ നഴ്സിംഗ് കോളേജില്‍ നിന്നും പതിച്ചു കിട്ടിയതാണ്...സ്ഥാനത്തും അസ്ഥാനത്തും അതവള്‍ പ്രയോഗിക്കും എന്ന് മാത്രം.) അതിപ്രകാരം...ആ മൈക്ക് കയ്യില്‍ കിട്ടീപ്പോഴെങ്കിലും.."-ന്നാലും -ന്‍റെ  രഞ്ജിനി... ജഗതിക്കിട്ട് "ഒരു പണി " കൊടുക്കേണ്ടതായിരുന്നു." !!!


ഇവിടെ ഒരു ജഗതി വധം നടന്നത് അറിയാതെ .....ഞാന്‍ സഞ്ചരിച്ച ഇന്റെര്‍നെറ്റിന്റെ ലോകത്തും... (ബൂലോകത്തും...മുഖപുസ്തകത്തിലും)..എല്ലായിടത്തും ആ വീഡിയോ "രഞ്ജിനി വധം" എന്ന പേരില്‍ കമന്റ്റുകള്‍ വാരി കൂട്ടുന്നത്‌ കണ്ടപ്പോള്‍  ഞാന്‍ തലയറഞ്ഞു ചിരിച്ചു പോയി..."ഈ മലയാളീസിന്റെ ഒരു കാര്യേ ?."



വാല്‍-:നമ്മളില്‍ ഭൂരിപക്ഷവും മക്കളെ പഠിപ്പിക്കാന്‍ ആയി അയക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍കളില്‍  ആണ് എന്നിരിക്കെ...നമ്മുടെ കുട്ടികള്‍... ഇനി വരുന്ന തലമുറ പറയുമോ..."തെറ്റില്ലാതെ മലയാളം"???






Wednesday, August 17, 2011

ഒലിവ് മരത്തിന്‍റെ ദുഃഖം..

(സമര്‍പ്പണം..സുമയ്യക്ക്)
{അടുത്ത ഫ്ലാറ്റിലെ പാകിസ്ഥാന്‍ സ്വദേശിനിയായ എന്‍റെ പ്രിയ മിത്രം സുമയ്യ വിവിധ ചാനലുകളിലെ വാര്‍ത്തകള്‍ മാറി മാറി കാണുന്ന എന്നെ കണക്കിന് കളിയാക്കുക പതിവ്...അവള്‍ എനിക്കിട്ട പേര് തന്നെ "ദില്‍ സമാചാര്‍".എന്നാണ്.എപ്പോഴും  സൌന്ദര്യ സംരക്ഷണവും..ടി.വി .പരമ്പരയും ,ഭക്ഷണ വിചാരവും ആയി ജീവിക്കുന്ന അവള്‍ ആകേ കണ്ട വാര്‍ത്ത‍ ഇന്ത്യയില്‍ ഒരു വയോവൃദ്ധനെ ജയിലില്‍ അടച്ചു എന്നതാണ്.(അന്നാ ഹസാരെ )കൂടെ അവള്‍ കളിയാക്കി ഇന്ത്യ ഇപ്പോളും പട്ടിണി രാജ്യമാ അല്ലെ?കുറെ ദിവസമായി ആ കിഴവന്‍ ഒന്നും കഴിച്ചിട്ടില്ലാന്നു കേട്ട്...!!!))
(ഒന്നും പറയാന്‍ കഴിയാതെ തരിച്ചിരുന്നു പോയി... !ചരിത്രമോ ....പൌര ധര്‍മമോ എന്തെന്നറിയാത്ത എന്‍റെ പാവം കൂട്ടുകാരിയോട് ഞാന്‍ എന്ത് പറയാന്‍ ഇങ്ങനെയല്ലാതെ...!!!}

ഒരു കഥ മനസ്സില്‍ തോന്നി....അതിങ്ങനെ..>>


 അതിര്‍ത്തിക്കപ്പുറത്തെ കമ്പി വേലിക്കരികില്‍ നിന്ന് പച്ചമരം ഒലിവ് മരത്തോടു ചോദിച്ചു...  "നിന്‍റെ നാടിപ്പോള്‍  ആത്മഹത്യാ മുനമ്പില്‍ ആണല്ലോ..?.വേനല്‍ ഉരുകുമ്പോള്‍ നീ പണ്ട് സഹനസമരത്തില്‍ മരിച്ച ആ   അപ്പൂപ്പന്റെ ചര്‍ക്കയും..ഖാദിയും,റൊട്ടിക്കും  എണ്ണക്കും വേണ്ടി  വില്‍ക്കേണ്ടി വരും. മാനം കരയുമ്പോള്‍..അന്ന് ആ കടപ്പുറത്ത് നെഞ്ചിലിട്ടു നീറ്റിയ ഉപ്പു തിന്നു നീ വെള്ളം കുടിക്കും..  മഞ്ഞു വരുമ്പോള്‍ നീ നിന്നെ തന്നെ...."
"അരുത്...നിര്‍ത്തു നിന്‍റെ അധികപ്രസംഗം......അധ്വാനികളായ എന്‍റെ പൂര്‍വികര്‍ മരിച്ചു വളമായ ആ കറുത്ത വളകൂറുള്ള എന്‍റെ  മണ്ണിലേക്ക് ഞാന്‍ ആണ്ടിറങ്ങും...ആ വിശാലമായ ഇരുണ്ട മണ്ണില്‍ വിത്തെറിഞ്ഞു ഫലമിരുക്കുന്നതിന്."

വിത്തോ..???
പച്ചമരം പരിഹസിച്ചു...നിന്‍റെ നാടിന്‍റെ ഹരിതസമര്‍ദ്ധി യില്‍ നിന്നും..ഗോതമ്പും ചെമ്പാവും ആ വെളുത്തകുട്ടികള്‍ ചവിട്ടി മെതിച്ചില്ലേ? പകരം വന്നതോ..?
വിഷം വളമായും..കീടനാശിനിയായും..നിന്‍റെ മണ്ണിന്‍റെ കന്യകാത്വം കുടഞ്ഞെറിഞ്ഞ്‌...കോലം കെടുത്തിയ അധിനിവേശത്തിന്റെ  വളത്തിനും..കീടനാശിനിക്കും.. 
 വളരാനുള്ള വിത്തുകള്‍.!!! 

"ഇല്ലേയില്ല...
ആഗോള പോലീസ് നയവും...ആമയുടെ സാമ്പത്തിക ചലനവും ഉള്ള ആ വിത്തുകള്‍ കാലാഹരണപെട്ടു  പോയി...ഇനി ഈ മണ്ണില്‍ അവ മുളക്കില്ല...
സുഹൃത്തേ ...എന്‍റെ വേരിറക്കത്തിനും നിന്‍റെ വിട്ടുപോയ വാക്കുകള്‍ക്കുമിടയിലെ ഓരോ നിമിഷത്തിലും...ജീവിതം കൊണ്ട് ചരിത്രവും..സംസ്കാരവും സ്രെഷ്ട്ടിച്ച ഞങ്ങളുടെ പാരമ്പര്യത്തെ കുറിച്ച് അറിയാത്ത നിന്നോടുള്ള സഹതാപം മാത്രം...
മുഖത്ത് ഒരു അടി കൊണ്ടതിനു ശേഷവും അതൊരു അടി ആയിരുന്നു എന്ന് തിരിച്ചറിയാത്ത ...(നിന്നെക്കൊണ്ട്   തീവ്രവാദം വിതപ്പിച്ച്....ആയുധങ്ങള്‍ക്ക് കമ്പോളം കണ്ടെത്തി..തീവ്രവാദം കൊയ്യിപ്പിക്കുന്നവരെ തിരിച്ചറിയാത്ത) നിന്നോടെനിക്ക് പുച്ഛം മാത്രം.ഇനിയും മൂടുപടം മാറ്റി പുറത്തു വരാത്ത നീ വെറും ആധുനിക കണ്സുമര്‍ കള്‍ട്ട് മാത്രം.നീ നിന്‍റെ റോക്കും,ഫെയര്‍ & ലൌലി പ്രണയവും...വണ്‍ഡേ മാച്ചും..കണ്ണീര്‍ പരമ്പരകളും തുടരുക."

ഞാനോ..."പുലരിയില്‍ പ്രതീക്ഷയുടെ പൊന്‍ വെളിച്ചവുമായി ഉദിച്ച് ഉണരുന്ന ആ സൂര്യ തേജസിനായി തപസിരിക്കട്ടെ... മധ്യാഹ്നത്തില്‍ ഹൃദയത്തിന്‍റെ നേര്‍ക്ക്‌ ആരോ എയ്ത കടുത്ത വേനലില്‍ ഉണര്‍ന്നു കത്തിയ പെരുവഴിയിലെ തണല്‍ മരമായി ..ഓരോ യുദ്ധത്തിലും...പ്രതിഷേധത്തിന്റെ ഓരോരോ ഇലകള്‍ പൊഴിക്കട്ടെ ... സായന്തനങ്ങളില്‍ കുളിച്ച് ഈറനോടെ,ചിറകു തളരുന്ന ഇണ പ്രാവുകള്‍ക്കായി  സ്വപ്നക്കൂടൊരുക്കി ..സമാധാനത്തിന്‍റെ സന്ദേശവുമായി ...
പറക്കാന്‍ ഒലിവിലയുടെ  പൊന്‍ വസന്തത്തിന്‍ ഇതളുകള്‍ വിരിയിക്കട്ടെ ".    

Saturday, August 13, 2011

ഞാന്‍ ഒന്ന് ഉറക്കെ കരയട്ടെ???

എന്തൊക്കയോ കാരണങ്ങളാല്‍ ഉരുകി എരിഞ്ഞ മനസ്‌സിലേക്ക് തീ കോരിയിട്ടു... ആ ദിവസം തന്നെ ആ വാര്‍ത്ത‍.!!!

"ഒത്തിരി ചുമച്ചു ശ്വാസം കിട്ടില്ല..."അര്‍ജ്ജുനപത്ത്ചൊല്ലി..മുഴുവിച്ചില്ല...മരിച്ചു.മക്കള്‍ ആരും അടുത്തുണ്ടായില്ല".

മറ്റൊരു  ശിഷ്യയും, സംസ്കൃത  കോളേജ് അധ്യാപികയും ആയ  കുഞ്ഞേച്ചി 
  ..ഫോണിലൂടെ പറഞ്ഞു കൊണ്ടിരുന്നു...ഞാന്‍ കരഞ്ഞു കൊണ്ടും....


                      
കണ്ണുകള്‍ തോരാതിരുന്ന മൂന്ന് ദിനങ്ങള്‍....!!!


 

ഇത് ജീവിതത്തിലെ മറ്റൊരു കനത്ത നഷ്ടം.
അടുത്തിടെ നാരായണന്‍ സര്‍. ഇതാ പിന്നാലെ  ഈ വര്‍ഷം തന്നെ നമ്പ്യാര്‍ സര്‍ കൂടി...
 കുടയും വടിയും പടിപുരക്ക് പുറത്തു വെച്ച്...
 നീണ്ടു മെലിഞ്ഞ കാലുകള്‍ നീട്ടി വെച്ച്...
 മുണ്ടിന്‍റെ ഒരു കോന്തല ഉയര്‍ത്തിപിടിച്ച്‌ ...
വേഗതിലായിരിക്ക്വോ..സര്‍  പോയിരിക്ക്യാ.???

--""ന്‍റെ കുട്ടീ""..ന്ന് സ്നേഹായി വിളിക്ക്യാന്‍ ഇനി ആര്??? 

ആര്‍ക്കു നികത്താനാവും ഈ ശൂന്യത???
""നഷ്ട്ടങ്ങള്‍ സങ്കലനപട്ടിക മറന്ന കുട്ടിയെപ്പോലെ മുന്നില്‍ നിന്ന് വിതുമ്പുന്നു"".




സംസ്കൃത കൃതികള്‍ക്ക് ശബ്ദാര്ധസംവിധാനം നല്‍കിയ
വാഗ്മി........
വന്ധ്യമേഘങ്ങള്‍ നിറഞ്ഞ ആകാശത്തിലെ അറിവിന്‍റെ മഴ മേഘമായിരുന്നു നമ്പ്യാര്‍ സര്‍.
അഹംഭാവങ്ങളുടെ മുള്‍ക്കാടുകള്‍ക്കിടയിലെ ഭാവശുദ്ധിയുടെ ചന്ദന മരം.
വെറിപിടിച്ച മത്സരത്തിന്‍റെ ലോകത്തിലെ നിര്‍മമനായ യാത്രികന്‍.
അന്ധനായ രാജാവിന് യുദ്ധഭീകരതകള്‍ പറഞ്ഞു കൊടുത്ത സഞ്ജയന്‍.
തണലില്ലാത്ത നിലത്തില്‍ കരിയുന്ന മനസുകള്‍ക്ക് ഒരു കുളിര്‍നിഴല്‍ ആയി അറിവിന്‍റെ പന്തലൊരുക്കി ആ മാമരം.
ദുര്‍മനസുകള്‍ അങ്ങെഴുതിയ അക്ഷരങ്ങള്‍ കൊണ്ട് അന്ന് ചെങ്കോലുകള്‍ നേടിയപ്പോള്‍ ശിഷ്യരെന്ന പതിനായിരങ്ങളെ നേടിയ ചന്ദന മനസ്.
അങ്ങേകിയ അറിവിന്‍ സുഗന്ധം നന്ദിയോടെന്നും ഓര്‍ക്കും ആ കലാലയത്തിലെ കാറ്റു പോലും. 
"ഗു" അഥവാ  അജ്ഞതയുടെ അന്ധകാരത്തിനെ" രു" അഥവാ  തടഞ്ഞു വിജ്ഞാനം ആകുന്ന വെളിച്ചം നല്‍കുന്ന ഗുരു എന്ന ആ പദത്തെ..
അര്‍ഥവത്താക്കുന്ന  കര്‍മവീഥി. 
ശിഷ്യരായ ഞങ്ങളുടെ ജീവിതകല്പടവുകളിലും,നന്ദിയും സ്നേഹവും വിളയുന്ന മനസുകളിലും കളങ്കമില്ലാത്ത സ്നേഹസ്പര്‍ശത്തോടെ അങ്ങയുടെ സാമീപ്യംഞങ്ങള്‍ തിരിച്ചറിയും.
"മരിച്ചെങ്കിലും ഗുരോ..അങ്ങ് ഓര്‍മകളില്‍ എന്നും ജീവിക്കും."
""""ബാഷ്പാഞ്ജലികളോടെ പ്രണാമം"""""""""".


http://youtu.be/527MAB6tQi8

(ഇങ്ങനെയെങ്കിലും..ഈ പാട്ടിലൂടെയെങ്കിലും ഞാന്‍ ഒന്ന് ഉറക്കെ കരയട്ടെ ?..).

Monday, June 6, 2011


മെബിമോന് ആദരാഞ്ജലി!

ഫ്ലൈറ്റ്വന്നപ്പോള്‍ ചുരത്തുന്ന മുലയില്‍ നിന്ന് കുഞ്ഞുവാവേനെ പറിച്ചു മാറ്റി അമ്മച്ചീടെ കയ്യിലേക്ക് കൊടുത്തിട്ട് പോന്നതായിരുന്നു സൗദി മിനിസ്ട്രി ഓഫ് ഹെല്‍ത്ത്‌ നേഴ്സ്ആയ കോട്ടയം സ്വദേശിനി.

ഇടയ്ക്കിടയ്ക്ക് കുഞ്ഞിന്‍ പനി!നുമോണിയ ബാധിച്ച് കുഞ്ഞ് നാട്ടില്‍ മരണപെട്ടു.

ഡ്യൂട്ടിക്കിടയില്‍ നിത്യവുംപിഴിഞ്ഞ് കളഞ്ഞ് മാതൃത്വംവറ്റാതെ കാത്തു വെച്ച അവളെ ഒരുവാക്ക് കൊണ്ട് പോലും സമാധാനിപിക്കാന്‍ കഴിയുന്നില്ലാല്ലോ!!!

Saturday, May 28, 2011

എന്‍റെ ഹൃദയം പറഞ്ഞു പോയ നുണകള്‍...


അന്ന്....
നീലാകാശത്തിനു കീഴെ...കടല്‍ക്കരയില്‍
തിരയോട്സല്ലപിച്ച്‌
സംക്രമണ സൂര്യന്‍റെ നിറച്ചാര്‍ത്തുകള്‍കവിതക്കും..
ജീവിത സ്വപ്നങ്ങള്‍ക്കും പകര്‍ന്നു നല്‍കിയ ആ സായന്തനത്തില്‍
ആ കടലമണികള്‍ വിലപെശാതെ ഒന്നാകെ വാങ്ങി
കുഴിഞ്ഞ കണ്ണുള്ള ബാല്യത്തെ അന്ന് അത്ഭുതപെടുത്തിയത്‌
"എനിക്ക് വല്ലാതെ വിശകുന്നു എന്ന് കളവു പറഞ്ഞ് "
എന്തിനു വേണ്ടി?



കൊടും ശൈത്യത്തിന്‍താഴ്‌വരയില്‍ പുഷ്പിച്ച
ചെണ്ടുമല്ലിപൂക്കളെ
മരവിച്ച മനസോടെവില്‍ക്കുന്ന
പെണ്‍കുട്ടിയുടെ പൂക്കൂട ഒന്നൊഴികെ വാങ്ങി
"ഒരു കല്യാണം ഉണ്ടെന്നു കള്ളംപറഞ്ഞ് "
ആ മുഖം പൂ പോലെ അന്ന് വിരിയിച്ചത്
ആര്‍ക്കു വേണ്ടി?



സുഹൃത്തിന്‍റെ വീട്ടില്‍നടന്ന വിരുന്ന്സല്‍കാരത്തില്‍
അടുക്കള പണിക്കു നില്‍കുന്ന അയല്‍സംസ്ഥാനത്തെ
അനാഥ കുഞ്ഞിന്‍റെ
പട്ടിണി ശോഷിപ്പിച്ച
കൈകളില്‍ നിന്ന്
അറിയാതെ വീണു പൊട്ടിയ
ചില്ലുപാത്രങ്ങളില്‍പ്രിതിഫലിച്ച ഭയപാടിന്റെ വിരല്‍പാടുകള്‍
"അതെന്‍റെ കൈ തട്ടിയതാണ്
എന്ന് കള്ളം പറഞ്ഞു" കുറ്റം ഏറ്റെടുത്തത്
എന്തിനു വേണ്ടി?


ഇരു നില വീടിന്‍റെ നിര്‍മാണ ഘട്ടത്തില്‍
അവള്‍ തലയില്‍ ചുമന്ന ചുടുകട്ടകള്‍
സ്വന്തം ഹൃദയ ചൂളയില്‍ വെന്തുനീറിയപ്പോള്‍
"ഇവള്‍ക്ക് പണി ചെയ്യാന്‍ അറിയില്ലാന്നു
പരാതി പറഞ്ഞ് "...
അച്ഛനും അമ്മയ്ക്കും ഒരു തുക നല്‍കി
ജനസേവാ കേന്ദ്രത്തില്‍ തുടര്‍ പഠനത്തിനയച്ചത്
എന്തിനായിരുന്നു?



ഇന്ന്
ഈ നട്ടുച്ചയ്ക്ക് ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍
മരുഭൂമിയിലെ തിരക്ക് പിടിച്ച തലസ്ഥാന നഗരിയിലെ
ട്രാഫിക്‌ സിഗ്നലുകളില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ക്ക് സമീപത്തേക്ക്
ഓടി വന്നു പൊരി വെയിലില്‍ കുപ്പിയില്‍ വെള്ളം വില്‍ക്കുന്ന
ഗാട്ടു വംശചയായ സ്ത്രീകളുടെ കയ്യിലെ വരണ്ട ചുണ്ടുള്ള കുട്ടിയുടെദാഹം ശമിപ്പിക്കാന്‍ "വല്ലാതെ ദാഹിക്കുന്നു എന്ന് കള്ളം പറഞ്ഞു"പരുക്കനായ ഡ്രൈവറുടെ അമര്‍ഷം അവഗണിച്ചു
ഒരു കുപ്പി വെള്ളം വാങ്ങികുടിച്ചപ്പോള്‍ ശമിച്ചത്
ആത്മാവിന്‍റെ ദാഹമോ?


ഇത് ജീവിതത്തില്‍ ഞാനും നീയും പറഞ്ഞ നുണകള്‍ !!!
നാവ് അറിയാതെ ഹൃദയം പറഞ്ഞു പോയത്......
(നുണ നല്ലതാണ്...നാവ് പറയാതെ ഹൃദയം പറയുമ്പോള്‍)




Saturday, April 23, 2011

ഇന്ന് ലോക പുസ്തക ദിനം...


എന്‍റെ വായന..


 (അന്ന്)
മുത്തശ്ശി -:പഞ്ചതന്ത്ര കഥയുടെ പുരാതന പതിപ്പ്.
മുത്തച്ഛന്‍-:സ്വാതന്ത്ര്യ ഗാഥയുടെ സമര തീഷ്ണമായ കുറിപ്പ്.
അച്ഛന്‍-: പുരാണ വേദ ഇതിഹാസങ്ങളുടെ വിവിധ മതങ്ങളുടെ പുരാതന ശേഖരം.
അമ്മ-:മുല്ലാ കഥ...അറബികഥ..ഈസോപ്പ് കഥകളുടെ വാര്‍ഷിക പതിപ്പ്.
അമ്മാവന്‍-: വിപ്ലവ വീര്യങ്ങളുടെ സഞ്ചരിക്കുന്ന സര്‍വ്വ വിക്ഞാന കോശം.
വല്ലിച്ചന്‍-: വിവിധ "ഇസങ്ങളുടെ" വിശേഷാല്‍ പതിപ്പ്.
(ഇന്ന്)
സഹോദരന്മാര്‍ -:ശാസ്ത്ര സാങ്കേതികതയുടെ യാത്രാ വിവരണ പതിപ്പ്.
സഹോദരിമാര്‍-: ഇ-ലോകത്തെ വിരല്‍ത്തുമ്പിലെ-
(ഉപ്പുതൊട്ട് കര്‍പ്പൂരം വരെഅറിയിക്കുന്ന)മോസ്റ്റ്‌ മോഡേണ്‍ ഡിജിറ്റല്‍ പതിപ്പ്.
നല്ല പാതി-: സാമ്പത്തിക ലാളിത്യത്തിന്റെ അച്ചടക്കം പഠിപ്പിച്ച ചാണക്യന്റെ അര്‍ത്ഥശാസ്ത്ര ചരിതം.
മകന്‍ -: ഹാരിപോട്ടറുകളുടെ നവീന സീരീസ് .
മകള്‍-: ചലിക്കുന്ന ചിത്ര ശലഭങ്ങളുടെ ചിത്ര കഥാ പതിപ്പ്.
ഈ ഞാനോ....!!!
അത്യാധുനിക സാങ്കേതികത വിദ്യയുടെ-
ലേറ്റസ്റ്റ് വെര്‍ഷന് മുന്‍പില്‍ അടയിരുന്ന്...
വലിയ ഗ്രന്ഥ ശേഖരതിനോടൊപ്പം ഉറങ്ങി...
വായന മരിക്കുന്നു എന്ന് പതം പറഞ്ഞ്‌ ...
വായിക്കാതെ....
പച്ച റിബണ്‍ കെട്ടിയ ...
ഇരുവശവും മെടഞ്ഞിട്ട... 
 നിറവാര്‍ന്ന ഓര്‍മകളെ ...
മാറോടു ചേര്‍ത്ത് ....
പുത്തന്‍ പുസ്തക മണവും..
പഴയ പുസ്തകതിനുള്ളില്‍...  
പെറ്റു പെരുകാനായി ...
മാനം കാണിക്കാതെ ഒളിപ്പിച്ച...
മയില്‍‌പീലി ഇന്നും തിരയുന്ന....
ഒരു പഴഞ്ചന്‍ പുരാവസ്തു ശേഖരം!!!!!!